ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കണ്ണവട്ട പാലത്തിനു സമീപത്തെ മാലിന്യക്കൂമ്പാരം മാറി. ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ മിനി പാര്‍ക്ക് സജ്ജമായി. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍പ്പെടുന്ന ഈ ഭാഗത്ത് ജില്ലാ പഞ്ചായത്തില്‍ നിന്നനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് വയോജനസൗഹൃദകേന്ദ്രം എന്ന പദ്ധതിയിലൂടെ പാര്‍ക്ക് നിര്‍മിച്ചത്.
പാലത്തിന്റെ ഇരുവശങ്ങളിലും ടൈല്‍ പാകി ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച് പൂച്ചെടികളും വച്ചുപിടിപ്പിച്ചാണ് മിനി പാര്‍ക്ക് ക്രമീകരിച്ചത്. വാഴൂര്‍ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇരുന്ന് വിശ്രമിക്കാനുള്ള ഒരിടംകൂടിയാണിത്.
പത്ത് ചാരു ബഞ്ചുകളിലായി നാല്പതോളംപേര്ക്ക് ഇരിപ്പിട ക്രമീകരണങ്ങളാണ് ഇവിടെയുള്ളത്. സായാഹ്നങ്ങളില്‍ സൗഹൃദം പങ്കുവയ്ക്കാനുള്ള കേന്ദ്രംകൂടിയാണിത്. കണ്ണവട്ട പാലത്തിനുസമീപം തോടിന്റെ ഇരുഭാഗങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്തില്‍നിന്നു നേരത്തേ പത്തുലക്ഷം രൂപ അനുവദിച്ച് പദ്ധതി നടപ്പിലാക്കിയിരുന്നു.
ഈ ഭാഗങ്ങളിലെ മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിനാണ് അധികൃതര്‍ പാര്‍ക്ക് സജ്ജമാക്കിയത്.